Friday, April 27, 2012

വേര്‍പാടിന്‍ തിളക്കം ...



നിലാശോഭയിലുദിച്ച
സ്വപ്‌നങ്ങളില്‍
കാത്തിരുന്ന ദിനങ്ങള്‍ക്ക്
നിത്യനിദ്ര .

സ്മൃതിവീഥികളിലെവിടെയോ
നിന്റെ മുഖം
വക്കുടഞ്ഞു കിടക്കുന്നു.

നിശാസ്വപ്നങ്ങള്‍ക്ക് ,
പകല്‍ദൂരങ്ങള്‍ക്ക് ,
കാലഭേദങ്ങള്‍ക്ക് ,
നിരാശയുടെ ഭാരം.

രാക്കിളികള്‍ പറന്നകലുന്നു,
താരകങ്ങള്‍ മേഘകൂട്ടിലൊളിയ്ക്കുന്നു,
നീയോ... പ്രണയാകാശത്തെ
ശാശ്വത ചന്ദ്രബിംബം .

പക്ഷേ..വേര്‍പാടിന്റെ
യാഥാര്‍ത്ഥ്യത്തിനു
സൂര്യതാപത്തെക്കാള്‍ തീക്ഷ്ണത,
മനമുരുകുകയാണ്.

കണ്ണുനീര്‍ത്തുള്ളികള്‍
മംഗളങ്ങളായി നിനക്കര്‍പ്പിയ്ക്കുന്നു,
പുനര്‍ജ്ജനിയുടെ തുടികൊട്ടിനു
കൊതിയ്ക്കുകയാണ് ...

കാലപ്പെരുമഴയെ അതിജീവിച്ച
ഓര്‍മ്മമഴകളില്‍ പ്രണയം
ആദ്യദര്‍ശനത്തിന്റെ
ക്ഷേത്രനടയില്‍ കെട്ടിക്കിടക്കും,
അവിടെ നിന്നൊരു കുളിര്‍ നമ്മിലും...