Tuesday, March 29, 2011

വിടചൊല്ലുന്നു !!

ഏകാന്ത പഥികനായൊരു
എഴയിതാ അജ്ഞാതവാസ -
മുപേക്ഷിച്ചു മറ്റൊരു ദിക്കി-
ലേക്കെന്തിനെന്നറിയാതെ ചേക്കേറുന്നു

ദിനങ്ങള്‍ ബാക്കി നില്‍ക്കെ
വിടചോല്ലിപിരിയാന്‍
വിതുമ്പി നില്‍ക്കുന്ന സ്നേഹ-
മനസ്സുകളുടെ ധ്വനികള്‍

കാലഹരണപ്പെട്ട ചില ഓര്‍മ്മകള്‍
തിരക്കിന്‍ വീഥിയില്‍
വലിച്ചെറിഞ്ഞു പുതുമനസ്സായി ,
പുതു ജീവനായി
ജന്മമണ്ണിന്‍ ഗന്ധമേറാന്‍ യാത്രയാകുന്നു !!

നഷ്ട്ടമായതൊന്നും നഷ്ട്ടമല്ലന്നും
ജീവിതയുയര്‍ച്ചകളുടെ ബാക്കി
പത്രം മുന്നില്‍ നില്‍ക്കവേയിനി
ഒരു തിരിച്ചുവരവിന്റെ
ആവശ്യമില്ലാതിരിയ്ക്കുന്നു !

അനുഭവങ്ങളോരോന്നും
പകര്‍ത്തിയെടുത്തു മനസ്സിന്‍
കോണിലൊരിടത്ത് പ്രതിഷ്ടിച്ചു !

ഇനി,

പോകാനൊരുപാടുണ്ട്
വഴികളുണ്ട് ,
ആ വഴികളിലൊന്നുമേ,
ഓര്‍മ്മകളുടെ നേര്‍ത്ത
വേദന പോലും തിരിച്ചറിയില്ല

വളര്‍ത്തുകയും
തളര്‍ത്തുകയുംചെയ്ത
മഹാനഗരത്തിന്
വിടചൊല്ലുന്നുമെന്നന്നേക്കുമായി !!

നന്ദി !!നന്ദി !!നന്ദി !!


എന്നന്നേക്കുമായി മുംബൈക്ക് വിട !!.... താല്‍ക്കാലികമായി ചിന്തകള്‍ക്കും എഴുത്തിനും വിട .........

Saturday, February 12, 2011

ഇനിയും വിരിയാത്ത പൂമൊട്ട് !!

സൂര്യാതപത്താല്‍ വാടാതെയും
വര്‍ഷശിഷിരങ്ങളേറ്റു
തളരാതെയുമൊരു പൂമൊട്ട്
ഉദ്യാനത്തില്‍
പൊരുതി നിന്നു .!

വിരിയതെയും
സുഗന്ധംചൊരിയാതെയും
പൂമൊട്ടായി മാത്രംനിന്നു

തേന്‍ നുകരാന്‍
വെറിപൂണ്ടവണ്ടുകള്‍
വട്ടമിട്ടു പറന്നു .

വിരിഞ്ഞുവെങ്കിലിറുത്തു
കോര്‍ക്കാനും
ഈശ്വരനര്‍പ്പിക്കാനും
പലരുമാവഴിവന്നു,
എന്നിട്ടുംവിരിഞ്ഞില്ല !!

കാറ്റില്‍ തെന്നിയാടിയും
നിലാവില്‍ തിളങ്ങിയും
സുന്ദരിപ്പൂമൊട്ട്
കണ്‍കളെ ത്രസിപ്പികച്ചു .


ഒടുവില്‍,
പൂവിന്‍ സൌന്ദര്യമറിയാത്ത
സൌരഭ്യമറിയാത്തയൊരുവന്‍
അതിനെയിറുത്തെടുത്തു !!

പൂമ്പൊടികാണാന്‍
ഓരോയിതളുകളായി
പ്രാണന്‍ മുഴുവനൂറ്റിയെടുത്തു
നിഷ്കരുണം വലിച്ചെറിഞ്ഞു !!

മണ്ണിന്‍ പിറന്നു,
മണ്ണിന്റെ സത്യമറിയാതെ
മണ്ണിലമര്‍ന്നു !

ഇനിയുമെത്രയൊ
പൂമൊട്ടുകള്‍ ബാക്കി ,

സംരക്ഷിയ്ക്കപ്പെടുന്നൊരു
കാലം വിരിയാത്തപ്പോള്‍
നിങ്ങളെന്തു പ്രതീക്ഷയില്‍ ....

Sunday, February 6, 2011

വഴിവക്കിലെ ഭിക്ഷക്കാരന്‍ !!

ഭിക്ഷക്കാരന്‍ ,
മതമില്ലാത്തതിനാല്‍
മനുഷ്യനാണ് ,

അതിനാലൊരുനേരത്തെ
അന്നത്തിനായി
കൈനീട്ടുമ്പോളാരും
കാണില്ല ,

അലിവു ന്യൂനം ചെയ്ത
ഭാവങ്ങളില്‍ ജന്മിയാകുന്നു
ചില ഇരുകാലികള്‍ .


ഉണ്ടുനിറഞ്ഞിട്ടും നിറയാതെ
യാചിക്കുന്നവര്‍ക്കു
തെരുവിലിരക്കുന്നവനോടയിത്തം ,

നാളെയെന്നതാരുടെയും
കുത്തകയല്ലെന്നിരിയ്ക്കെ
നിന്‍ഗതി വിഭിന്നമല്ലെന്ന
ചിന്തകളോതുന്നു ,
'തെരുവോരത്തു സന്ധിയ്ക്കാം' .


കാലങ്ങള്‍ മാറ്റാത്ത
കോലങ്ങളെ കാലകെടുതി
വീഴ്ത്തുമൊരു നാള്‍ .


മാഞ്ഞാലും മറഞ്ഞാലും
മന്നവാ ,മാനവാ
നാളെ വിധി തേടിയെത്തും ,
പരോളില്ലാത്ത കാരഗൃഹങ്ങളില്‍
അന്ധകാരത്തോടിരക്കാന്‍ ....

Thursday, January 20, 2011

പ്രണയ മൊഴി (ഒരു മരണമൊഴി )

ഇന്നലെകളുടെ ശീതത്തിലും
മരവിയ്ക്കാതെ കാതോര്‍ത്തത്‌
നിന്‍ സ്വനത്തിനായിരുന്നു ...


അസ്ഥികള്‍ പൊടിയുമ്പോഴും
ഞാനറിഞ്ഞിരുന്നീല്ല ,
എന്നെ പുനര്‍ജനിപ്പിയ്ക്കാനും
പുതു ജീവന്‍ പകരാനും
നീ തിരികെയെതുമേന്ന
പ്രതീക്ഷയുടെ ജീവശ്വാസം ,


കാലങ്ങള്‍ താലത്തിലേന്തി
യാത്രയാകുമ്പോഴും ഭയപ്പെട്ടില്ല ,

യവ്വ്വനം പളുങ്ക്പാത്രം പോല്‍-
വീണുടഞ്ഞപ്പോഴുമത് ശ്രവിച്ചില്ല ,

ഒടുവില്‍ സിരകളെ പ്രണയം
കാര്‍ന്നെടുക്കുമ്പോള്‍
ഞാനല്ലാതായി മാറുകയായിരുന്നു ,

ഒരിറ്റുസിന്ദൂരം
നെറുകയിലണിയാനാശിച്ച-
കൈകളില്‍ വന്നണഞ്ഞത്
മരണത്തിന്‍ ഗന്ധംപേറുന്ന
രക്തപുഷ്പങ്ങള്‍ ,

ഒരുതരി പൊന്നിന്‍ ശോഭയില്‍
പട്ടിന്‍ മിനുസതയില്‍
നിന്നെ കാണാന്‍ മോഹിച്ച
കണ്ണുകളില്‍ നിശയുടെ
നിഴല്‍ മാത്രം !!

അഗ്നിയാളുന്നെരം
ഒരു കുടം ജലവുമേന്തി
എന്‍ ചിതക്ക്‌ മേല്‍ നീ
വര്‍ഷമായി പെയ്തോഴിയുമോ ?

അതോ ,
കാറ്റായ് , പേമാരിയായി
ചിതയെ കുറ്റിക്കാട്ടില്‍
വലിച്ചിടുമോ ?

അറിയില്ലമോന്നുമേ !!

നിന്‍ ചിരികള്‍ മാഞ്ഞു
കാര്‍മേഘദിനരാത്രങ്ങളില്‍
മയങ്ങി തീരാന്‍ .......

ചുടല പറമ്പിലെ
മണ്ണിലംശമാകാന്‍ ,
ആയുസ്സിന്‍ നാളുകള്‍
വെട്ടിക്കുറച്ചോരെന്‍
പ്രണയമേ ........
നിന്നെ മൊഴി ചൊല്ലി
ഞാന്‍ യാത്രയാകുന്നു ....!

യാത്രചൊല്ലുന്നെങ്കിലും
എന്നത്മാവ് ,
നിന്‍ നിദ്രയിലെപ്പോഴും
ശയിക്കുന്നുണ്ടായിരിക്കും!!!

Monday, December 27, 2010

വിടചൊല്ലല്‍ !!

കാലചക്രം തിരിയുമ്പോള്‍
കണ്ടുമുട്ടിയ നാളുകള്‍ വിടവാങ്ങി,
നവ്യപ്രതീക്ഷയുടെ ഉദയം
തേടിയൊരു പഥികന്‍ ഞാന്‍ !

യാത്രകളിലെവിടെയും
നിന്‍ രൂപസാദൃശ്യം ചൊല്ലാന്‍
പാകത്തിനൊന്നും കണ്ടില്ല .

യാമങ്ങളില്‍ ചെറുകുളിര്‍കാറ്റോടെ ,
പൂവിടരും സുഗന്ധത്തോടെ
നിന്നോര്‍മ്മകളിലലിയാന്‍
വിധിക്കപെട്ടവന്‍.

ഒരു വേളയെങ്കിലും നീയെന്‍
അരികത്തണയുന്നേരം
പ്രകൃതിയും എന്തിനു...
കുളിര്‍കാറ്റുപോലും നിശ്ചലമായിടും.

അന്ധമാംപ്രണയത്തിന്‍ സാക്ഷി-
യാണി പ്രകൃതിയും
മാറ്റൊലികള്‍ നിയമമെങ്കിലും
പ്രകൃതിതന്‍ നിയമത്തെ
വരിക്കുമീ സ്നേഹമെന്നും ,

പ്രതീക്ഷകളെന്‍ പ്രണയത്തെയേകിലും
ഒന്നുമെയില്ലാതെ യാത്ര ചൊല്ലീടുന്നു

എന്‍ നിശ്വാസം നിലയ്ക്കു-
മൊരുനാള്‍ നിന്‍ പ്രാണനെ
കൈവിടുമ്പോള്‍ ......

അരുതെയെന്നോതിയ
വക്കുകള്‍ക്കൊന്നുമേ
ഇനിയെന്‍ ജീവനെ അമൃതേകി
പുനര്‍ജനിപ്പിച്ചീടാന്‍
ആവില്ലൊരിക്കലും ,

ദേഹിയെന്നോ പോയ്പ്പോ,-
യൊരു ദേഹമിന്നീവിധം
അലയുന്നോര്‍മകളിലൂടെ

കതോരമെത്തിയ
ചെറു മഴതുള്ളി കിലുക്ക -
മൊടുവില്‍ യാത്ര
ചൊല്ലി പിരിഞ്ഞു നാം

വരും ജന്മമെങ്കിലും നീ
എന്നോടൊത്തുചേരു-
മെന്നു പ്രതീക്ഷകൊള്ളാന്‍
കാലമെന്‍ കൈകളിലല്ലെന്ന
സത്യമുള്‍കൊണ്ട്


യാത്രചൊല്ലട്ടെ ഞാന്‍ !!!

Saturday, November 20, 2010

യാത്ര !!!!

ബന്ധങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍
ഞാന്‍ കണ്ടത് ഭീകരദൃശ്യങ്ങള്‍ !!

മുത്തുപൊഴിക്കും പാഴ്വാക്കിന്‍
വിലകളെക്കാള്‍
ഞാന്‍ നെഞ്ചിലേറ്റിയത്
സൌഹൃദത്തിന്‍
സ്നേഹാംശമായിരുന്നു !

പളുങ്കുപാത്രം പോലവ
ഉടഞ്ഞു വീണു !
ചിന്നിച്ചിതറി അതിന്‍ -
മേല്‍ നടന്നു
കാലില്‍ വൃണം മാത്രമായി

ആഴങ്ങളിലേക്ക് ചെന്നപ്പോഴും
പവിഴവും രത്നവും
ഒന്നുമേയില്ലാതെ മുറിവേല്‍പ്പിക്കുന്ന
മുള്ളുകള്‍ മാത്രം !

രാഗംമീട്ടി ശ്രുതിചേര്‍ത്ത്
ഞാന്‍ ഈണമിട്ടപ്പോള്‍
അതേറ്റു പാടി ,
തുണയായ് നിന്നവര്‍ !

കാലത്തിന്‍ ഒഴുക്കില്‍പെട്ടെപ്പോഴോ
തിന്മയിലെക്കവര്‍
യാത്രയായി !!

വാടിക്കരിഞ്ഞ ഇതളുകള്‍
മെല്ലെ ഭൂവില്‍ പതിക്കവേ
കാറ്റിന്നൊഴുക്കില്‍
ആടിതിമിര്‍ത്തൊരു
മരച്ചില്ല ചിരിച്ചു !

നാളെ നിന്‍ വിധി
ഓര്‍ത്ത മാത്രയില്‍
മണ്ണിലലിഞ്ഞു
അന്ത്യതമസ്സിന്‍ കണവും
യാത്രയായ് !!!

ബന്ധങ്ങളില്‍ ബന്ധനങ്ങളി -
ല്ലാതെ യാത്രയായ് !!!.............

തൂവാലക്കാരന്‍!!

ഏകാന്തത പേറുന്ന
വഴിവക്കിലെന്നും
കണ്മുന്നിലൊരു
വൃദ്ധനായ
തൂവാലക്കാരന്‍
പ്രത്യക്ഷനാകും .

ബഹുനിറങ്ങളുള്ള തുണിയില്‍
ചിത്രപ്പണിയുള്ള തൂവാലകള്‍
വില്‍ക്കുന്നു .

കണ്ണുകളിലെന്നും
ദുഖമെറിയുന്ന തൂവാലയെ
ഒരുദിനം നോക്കിനിന്നു .

ഒരു നേരത്തെ അന്നതിന്‍
വിലയാം തൂവാലകള്‍ ,
വിശപ്പിന്‍ കണ്ണീര്‍
മായ്ക്കുന്നതുമതില്‍ ....

പ്രകൃതി ക്രൂരവര്‍ഷത്താലതാ
തൂവാലയെ
നനയിച്ചു പോകുന്നു
ആ കണ്ണുകളെയും

ഈ ദുര്‍ഗതി കാണ്‍കെ
മനസ്സ് ശപിച്ചുപോകുന്നു
സൃഷ്ടിസംഹാരങ്ങളെ .

പുത്രഭാഗ്യത്തിന്‍
പുണ്യമോ അതിശാപമോ
തൂവാലയില്‍ തളച്ചീടുന്ന
നിന്‍ ജീവിതഹേതു ?

പേരക്കുഞ്ഞിന്റെ
കൈപിടിച്ച് നടത്താന്‍ ,
താലോലിക്കാന്‍ ,
ചുംബിയ്ക്കാന്‍ ...
ഭാഗ്യം പിറക്കാത്തവര്‍

ഒടുവിലൊരു നാള്‍
യാത്ര ചോല്ലുംനേരം
നിന്‍ തൂവാലകള്‍
വഴിവക്കിന്‍ അനാഥമായി
പ്രകൃതിതന്‍
ഭാവഭേദങ്ങളറിയാതെ
വര്‍ണ്ണങ്ങള്‍ നഷ്ടമായ്
കുപ്പത്തൊട്ടിയിലമരുന്നു !!.

Thursday, November 18, 2010

ഏകാന്തതയിലെ എന്‍റെ ചേച്ചി !!

കൊട്ടാരത്തിന്നരങ്ങിലെ
നായികയാണ്
കാരണവപുണ്യം കൊണ്ടാ
സ്നേഹമിന്നുമറിയുന്നു .

അറിയാതെ പോകുന്നോരോ
ചലനങ്ങളിലും
അറിയുന്നുണ്ടായിരുന്നു
ആ സ്നേഹം !

മരവിച്ച മനസ്സിനെ
പുതുജീവനിലേക്കു കൊണ്ട് വന്നതാ
സ്നേഹമാണ് ....

ഏകാന്തതയില്‍ ജീവിക്കാന്‍ പിറന്നപോലെ
ഇന്നുമേകാന്തതയിലമരുന്നു

കൂടെപിറക്കാതെ
പോയെന്റെ ജന്മത്തെ
ഞാന്‍ ശപിച്ചിരുന്നു..
എനിട്ടുമെനിക്കവള്‍
ഒപ്പോളായി മാറി .

അകലെ ആണെങ്കിലും എന്‍ മനസ്സില്‍
ഇച്ചേച്ചിയായി
കൂടെയുണ്ട്.

ഇന്നുമാസ്നേഹത്തെ
പുണ്യമായി കാത്തു സൂക്ഷിക്കുന്നു !!

മോചനം !!

സാഹിത്യം ചൊല്ലുന്നു
കവിതകള്‍ മുന്നിലെന്ന്
ജനം കാണാതെ തള്ളുന്നു പലതും

എന്നാല്‍ കവി ആകുവനത്രേ
ഭൂവില്‍ തിക്കുംതിരക്കും
സ്വപ്നവും....
അനുദിനം
പെറ്റു പെരുകുന്നു
കവിഹൃദയങ്ങള്‍

താന്‍ തന്നെ മഹാകവി
എന്ന് ചൊല്ലി
ഭാഷാശുദ്ധിയറിയാതെ
പോകുന്നുചിലര്‍.

സംവാദത്തിന്‍ വേദികളില്‍
പൊട്ടത്തരം വിളിച്ചോതുന്നു
മറ്റു ചിലര്‍ !!

ആശാനും വള്ളത്തോളും
വയലാറും
ഇന്നിന്‍ ദുര്‍ഗതികണ്ടു
ആത്മാക്കളെ വീണ്ടും കൊന്നിടും ,

സാഹിത്യവര്‍ത്തമാന ലോകം
വാണിഭകേന്ദ്രമത്രേ !
അതിനായി എന്തിനീ
ഭാഷയെ കൊല്ലുന്നു

അമ്മതന്‍ മലയാള ഭാഷേ
നിനക്കെന്നു മോചനം !!

കാത്തിരിപ്പ്‌ !!

സായംസന്ധ്യയില്‍
ഓളങ്ങള്‍ മെല്ലെ
തഴുകിയുണര്‍ത്തി
കുളിര്‍കാറ്റേറ്റു കരയിലിരുന്നു .

വ്യര്‍ത്ഥസ്വപ്നത്തിന്‍
പല്ലക്കിലേറിയിന്നുമാ -
ജലാശയത്തിലൊരിറ്റു-
കണ്ണീര്‍ വീഴ്ത്തി.

കാടിന്‍ നിയമങ്ങള്‍-
മാറി നാടെഴുതും
നിയമങ്ങളൊരു
ഭീകരനിശാസ്വപ്നമായ്

കാത്തിരിപ്പുകള്‍
വെറുതെയെന്നു
മനമറിയാന്‍
കാത്തിരിക്കുക
മാത്രമാണിന്നതിന്റെ
വിധി !!!!!!

Saturday, October 30, 2010

ഇന്നിന്‍റെ ദു:ഖം !!

മാഞ്ഞുപോയതോന്നും മറവിയല്ല
ഓര്‍ത്തെടുത്തതൊന്നും ഓര്‍മയല്ല
മനസ്സെപ്പോഴോ മാറ്റൊലി -
കൊണ്ടൊരനുഭൂതിയത്രെയിന്നിവ !!

അകക്കണ്ണില്‍ സുന്ദരദൃശ്യം
നേരിന്റെ രൂപം വികൃതം
ശാന്തമായി നടന്നീടുമെങ്കിലും

ഉള്ളിലെന്നും തീവ്രവാദവിഷം !

കോലംമാറ്റുന്നതു കാലമെന്നാകിലും
കാലത്തിനിന്നതു ദുഷ്കരമത്രേ
ദുഷ്ടകോലങ്ങള്‍ മാറില്ല മാത്രമോ
നല്ലതെന്നു നിനച്ചതും മാറുന്നു
ആശ്വാസപദങ്ങള്‍ ഉപദേശിക്കു സുഖം

വേണ്ടുന്നവനെന്നും അപവാദച്ചുഴികളില്‍ .

പാരില്‍ നാരികള്‍ കേമിമാരാകുന്നു
നരനാരായണന്‍മാരും വലംവച്ചീടുമെപ്പോഴും
'നൈര്‍മല്യ'സുഖത്തിനീ വികൃതികളോക്കയും

നാലുപേരറിഞ്ഞീടണം കേമത്തം
പാരില്‍ താനാണു സര്‍വ്വമെന്നു ശാഠ്യം
ദൂതുമായിവിടെ ‌വന്നോരുമനുരാഗത്തിന്‍
ശ്രുതിയായ്‌ ചേര്‍ത്തൊരു കൃഷ്ണലീലയ്ക്കായീ
പാഴ്വേലകള്‍ !

ഇഷ്ടകാവ്യം ലോകകാവ്യം
ഇഷ്ടകവി ലോകകവി
എന്ന ശാഠ്യത്തിനൊടുവിലും
തലമറനെണ്ണ തെക്കുന്ന വിഡ്ഢികള്‍
ദുഖമാമിന്നിന്റെ കൊടുംകടല്‍ .!!

Tuesday, October 19, 2010

ഇതളറ്റ ജന്മം !!

കിളിര്‍ത്തും തളിര്‍ത്തും
ഒടുവില്‍ മൊട്ടിട്ടു പൂവായി
കാലം താലത്തിലേന്തി
ഭൂവിനേകി
സഫലീകരിച്ചപ്പോഴത്
നൈര്‍മ്മല്ല്യ ജന്മം ....

അന്നേരം മൂളിപാട്ടുമായി
പാറിയെത്തും ചെറുവണ്ടുകളും
പൂന്തേന്‍ നുകരാനായ്
ശലഭവും ...

തളിര്‍ത്തു കിളിര്‍ത്ത
നിന്‍ മേനിയടര്‍ത്തി -
യെടുക്കാനായെത്തുന്നു ചിലര്‍

അക്കലമാത്രെയും സുഗന്ധം
പരത്തിയ നിന്‍ ഇതളുകള്‍
കൊഴിയും , ഒടുവില്‍
വാടി കരിഞ്ഞു മണ്ണിലലിയും

ചിലപ്പോള്‍
ആരും കാണാതെ
മെതിയടിക്ക് കീഴിലമരും ..

ഭൂവിലെന്തേ
പഴ്ജന്മം കണക്കെ
അല്പ്പയുസ്സു നല്‍കി
പ്രകൃതിനല്‍കുമിത് ശാപമോ ?

കാലം പ്രയാണം നടത്തും
മറ്റൊരു പൂവിരിയും
സുഗന്ധം പരത്തും
സ്വപ്നങ്ങള്‍ താലോലിക്കാന്‍
തേന്‍ നുകരാന്‍
വീണ്ടുമെത്തും കാര്‍ വണ്ടുകളും
ശലഭവും ..........................!!

ജീവിതനൗക!!

കാര്‍മുകില്‍ പ്രതിഫലിച്ച
ജലായത്തിലൂടെ
യാത്ര തുടങ്ങിയെന്‍
ജീവിതനൗകയില്‍ ,

സ്വപനങ്ങള്‍ മാരിവില്ലണിഞ്ഞതു
മനസ്സില്‍ ....

ഓളങ്ങളലതല്ലും
ജലാശയത്തില്‍
മീന്‍ കുഞ്ഞുങ്ങള്‍
തുള്ളിചാടി ,

കൊക്കുകള്‍ പാറി
പറന്നു

കുഞ്ഞിളം
മീനുകള്‍ തല പോക്കുന്നു

തല്‍ക്ഷണം പാറിവന്നിടും
പറവകള്‍ ,അന്നതിനായ്
കൊത്തി പറിക്കുന്നു
പുതുനാമ്പുകളെ...

ഇന്നെരമീ കാഴ്ചകള്‍
കണ്ടെന്‍ മനമുരുകി ,
യാത്രനിര്‍ത്തി തിരികെ-
പോയെന്‍ നികുഞ്ജത്തിലേയ്ക്ക് ..

കൂടണയുമ്പോള്‍
ഒരുനേരമന്നതിനായ്
കാത്തിരിപ്പൂ പ്രിയ മക്കള്‍

ആശ്വാസത്തിന്‍ വാക്കുകളി -
ല്ലാതെ കണ്ണീര്‍പൊഴിക്കു
മെന്‍ ദുര്‍ഗതി കാണ്‍കെ....

മനമുരുകും കാഴ്ചകളെ-
ങ്കിലും യാത്ര തുടരും
നാളെയും ഈ നൗകയില്‍ !!


അന്ത്യ വിധി!!

ചെറുമഴയെന്‍
കതോരമെത്തി
നിശയില്‍ നിന്നൊരു സത്വം
നോക്കി പുഞ്ചിരിച്ചു ,

വിദൂരതയിലേക്ക്
ദേഹമുപേക്ഷിച്ചു
യാത്രയാക്കാന്‍
കാത്തു നില്‍ക്കുന്നു.

ആശിച്ചില്ലയീ യാത്ര
അതിനിടെയൊരു
കുഞ്ഞിളംകിളിയെ കാണ്‍കെ
'ഇത് നിന്‍ അന്ത്യ വിധി'യെന്നു
കൂകിവിളിച്ചതു പാറിപറന്നു.

യാത്രതുടരുംമുന്നേ
സ്നേഹംതന്നോരെന്‍
മാതാപിതാക്കളെ,
സൌഹൃതങ്ങളെ,
യാത്രപറഞ്ഞു പോകുകയാണ്.

കണ്ണുകള്‍ ഈറനണിയിച്ചു
യാത്ര ചൊല്ലാനാകാതെ
നില്ല്കുന്നുയെന്‍
പ്രിയസഖിമാത്രം.

ഒടുവില്‍

സഖിയും യാത്രചൊല്ലി
കണ്ണീരിലലിയിച്ച
സ്വപ്നങ്ങളൊക്കെയും
ഒഴുക്കീ ഭൂവില്‍.

ചെറുമഴ തിമിര്‍ത്തു ,
മഴത്തുള്ളികളെന്‍
നെറ്റിത്തടം നനയിച്ചു
നിന്‍ കണ്ണീര്‍ കണാനിനി
ഭൂവില്‍ നീമാത്രമെന്നോര്‍മ്മിപ്പിച്ചു .

ഇന്നീഭൂവിലെനിക്കിനി
ഒരിടംവേണ്ട
ചെറുമഴയിലോഴുക്കി
അന്ത്യയാത്രയ്ക്കൊരുങ്ങുന്നു. !

മരണം !!!

വാവിട്ടു കരഞ്ഞു കൊണ്ട്
ഉണ്ണി പിറന്നു ,

കാത്തുനിന്നവരെ
രസിപ്പിച്ചു കൊണ്ട്
പുതുലോകത്തിലേയ്ക്കവനെത്തി.

മുലപ്പാല്‍ മധുരമെകി
സ്നേഹനിധിയമ അമ്മ .

പിച്ചവയ്ക്കുന്നേരം
താങ്ങായി അച്ഛനും

നാവില്‍ ഹരിശ്രീ കുറിച്ച്
അറിവിലേയ്ക്ക്
നടന്നു തുടങ്ങുമ്പോള്‍
അവനറിഞ്ഞില്ല ,
നാളെയുടെ ദിനരാത്രങ്ങള്‍
കാത്തിരിക്കുന്നതോന്നും .

അക്ഷരമഭ്യസിച്ചും
സല്ലപിച്ചും
രുചി നുണഞ്ഞും

നൊമ്പരങ്ങളൊന്നും
തീണ്ടാതെ ബാല്യവും കടന്നു.

കൌമാരത്തില്‍
അല്‍പ്പാല്‍പ്പം കയ്പ്പും
നുണഞ്ഞു .
കൌമാരവും യാത്രപറഞ്ഞു
യവ്വനവുമെത്തി.

കയ്പ്പും ശോകവും
മിശ്രമായി സേവിച്ചു
ഒടുവിലെപ്പോഴോ
മാധുര്യം നുണഞ്ഞു.

ആ മാധുര്യമേറി
കയ്പ്പായി മാറി
ഉമിനീരിലൂറി
ജീവിതയാത്ര തുടര്‍ന്നു

ഒടുവില്‍
ഉമീനീര്‍ ഇറക്കാതെ
നീട്ടിയൊന്നു തുപ്പാതെ
കാലത്തിനൊത്തുനടന്നു

കാലമത്
വിഷമായി മാറ്റവേ
ദാമ്പത്യമാറിയാതെ
വര്ധക്യമറിയാതെ
മരണത്തിലെക്കവന്‍
യാത്രയായി ........!!!