Saturday, December 15, 2012

ശലഭം എത്തിച്ചേരുന്ന പൂവ്


ദിനരാത്രങ്ങളിലൂടെ
ഋതുക്കളോരോന്നും ഒഴുകിയകലുന്നു,
മനസ്സിന്നുള്‍ച്ചൂടില്‍
വെന്തെരിയുന്ന ഓര്‍മകള്‍ക്ക്
ക്ഷാരനിറം.

തേന്‍ തേടിയകലുന്ന-
ശലഭം കണക്കെ
പ്രണയത്തെ പിന്തുടരുന്ന
ജീവന്റെ ദാഹം.

ഒടുവില്‍ മധുവിന്റെ മാധുര്യം
ഒരു പാഴ്കിനാവെന്നു
ഈ പ്രണയശലഭമറിയുന്നു,

എങ്കിലും ദുര്‍ബലമായ ചിറകുകള്‍ വീശി
വീണ്ടും അതിനായി...

പക്ഷെ ....
ദിക്കുകള്‍ പ്രലോഭനത്തിന്റെ
കൈകള്‍നീട്ടി എത്ര വിളിച്ചാലും...
തനിയ്ക്കായി വിരിഞ്ഞുനില്‍ക്കുന്ന
പൂവിലേയ്ക്ക്
ചിറകുകള്‍ താനെയെത്തിയ്ക്കും എന്ന്
ശലഭമെന്തേ അറിയുന്നില്ല ....!!

Sunday, August 26, 2012

മാതൃക!!


എഴഴകുമായൊരു സുന്ദരി നീ
ഭുജിയ്ക്കുമ്പോള്‍
ശുദ്ധിതന്‍ വെളിച്ചം
പരക്കുന്നു ഭൂവിലെങ്ങും,

മാതൃത്വമകന്നോരയല്‍ക്കാരി-
ക്കുയിലിന്റെ കുഞ്ഞിനെ
പോറ്റി വളര്‍ത്തിയും ...

ഭൂമി വെടിഞ്ഞവര്‍ക്കായ്
ആണ്ടിലൊരിക്കല്‍
ഒരു ഉരുളചോറ് മാത്രം
മനസറിഞ്ഞു മനുഷ്യന്‍ തന്നത്
ഭക്ഷിച്ചും നീയെങ്ങുമെങ്ങും നിറയുന്നു .

രാത്രിവര്‍ണ്ണമെങ്കിലും
നീ പകലോന്റെ കൂട്ടുകാരിയാണ്‌,

നിറങ്ങള്‍ മാറാത്ത
കാകാ വിളിയുടെ സംഗീതം മാറ്റാത്ത
നിന്നെ
മാതൃകയാക്കണം ....

Sunday, July 15, 2012

പ്രണയത്തിനു ശേഷം .!


പ്രണയത്തിന്‍
മായികഭ്രമത്തില്‍
മാഞ്ഞു പോകുന്ന
സമയങ്ങളെല്ലാം
മറ്റൊരു നാള്‍
ചിന്തയില്‍ വരികയാണ്.

തനിക്കേകിയ
പ്രണയമുന്തിരിച്ചാറിന്‍ മാധുര്യം
നുണഞ്ഞണയും മുന്‍പ് ?

മുത്തു പൊഴിയും
ചിരിതന്‍ മറവില്‍ ,
നേരിയ സ്വാര്‍ത്ഥതയ്ക്ക് മേല്‍
കാര്യകാരണങ്ങള്‍ നിരന്നീടും ,
പ്രണയമെന്ന വികാരത്തിന്‍
പ്രഹരമെല്‍ക്കുമ്പോള്‍ !!

അമൃതേകുന്ന പ്രണയത്തിന്‍
രാവുകളെ പകലായി
മാറ്റിയെഴുതുമ്പോഴും ,
ജീവന്റെ അംശം
മെല്ലെ നിലച്ചീടുന്നു .

പിറവിയുടെ കര്‍മ്മങ്ങള്‍ക്കായ്
ബാക്കിയാകുന്ന ജീവാംശത്തിനു
ഓര്‍മ്മിക്കാന്‍ ,
കനലെരിയുന്ന ഓര്‍മ്മകളും
ആറടി മണ്ണിന്‍
ആഴമേറിയ
ലക്ഷ്യങ്ങളും മാത്രം .!!

Thursday, June 28, 2012

.............

മഴയായെന്റെ ഹൃദയതാപമകറ്റി
പുതുമണ്ണിന്‍ ഗന്ധമേകി
നീ അണയുമെന്ന്
ഞാന്‍ നിനച്ചിരുന്നില്ല.

നീലാകാശത്ത്‌
കാര്‍മേഘച്ചുരുള്‍ പിണഞ്ഞു
മഴയായ് നീ പെയ്തിറങ്ങുമെന്ന്...

ചാറ്റല്‍മഴത്തുള്ളികളാല്‍ നിന്മുഖം
രത്നമണികളണിയുമ്പോള്‍
അതിനെയെന്റെ
സ്നേഹചുംബനം കവരുമെന്ന്....

ഓരോ രത്നകണത്തിലും
എന്റെ രൂപം തെളിയുമ്പോള്‍
സ്വപ്നങ്ങളൊക്കെയും
സഫലമാകുമെന്ന് .....

ഒടുവില്‍ മണ്ണിലേക്ക്
പെയ്തു തീര്‍ന്നൊരു മഴപോലെ
സ്വപ്നങ്ങളും അഭിലാഷങ്ങളും
പൂര്‍ത്തിയാക്കി മടങ്ങുമെന്ന്....

ഞാന്‍ നിനച്ചിരുന്നില്ല.

Saturday, June 9, 2012

ഇതുമൊരു വാര്‍ധക്യം ..


പ്രായമേറുമ്പോള്‍ ചിലര്‍
പാരിനു വേണ്ടി
പ്രാര്‍ഥിച്ചിരിയ്ക്കാതെ
വിഷയസുഖത്തിനായി
അലയുന്നു.

വാര്‍ദ്ധക്യം ജരാനരയേകിയിട്ടും
കരിതേച്ചു മിനുക്കി
കാമകേളിക്കായി
യൌവ്വനംതേടും വൃദ്ധകള്‍ .

നാടിനു വിപത്തെന്നു
അറിഞ്ഞീടാതെ ചിലര്‍
ബ്യൂട്ടീ പാര്‍ലറുകളില്‍
കൊഴുപ്പിച്ച ചര്‍മ്മവുമായി
കോമാളി വേഷം കെട്ടിയാടുന്നു .

പ്രായത്തെ തോല്പ്പിയ്ക്കും
മാനസങ്ങളില്‍
കാമം ഫണംവിടര്‍ത്തുമ്പോള്‍
ജരാനരകള്‍ വകവയ്ക്കാതെ
മാംസംതേടി ചില
മാളങ്ങളിലേയ്ക്കിഴയുന്നു .

അക്ഷരങ്ങളെ
വ്യഭിചരിച്ചു നിന്ദിക്കുന്നവര്‍ ,
തന്റെ ചെറുമക്കളെ
ഹരിശ്രീ കുറിപ്പിക്കുമ്പോള്‍
ഭാവിയില്‍ അവര്‍ക്കത്‌
പിഴച്ചേയ്ക്കാം ...!!

Saturday, May 12, 2012

കണക്ക് തെറ്റിയ പുസ്തകം !

ഭൂതകാലങ്ങളിലെ
അക്ഷരത്തെറ്റിന്റെ
താളുകള്‍ തിരുത്തി
വര്‍ത്തമാനത്തിലേയ്ക്ക്
കൂട്ടിയിണക്കവേ

അറിയാതെ പെയ്തൊരു
അശ്രുമഴയില്‍
ഓര്‍മ്മമുത്തുകള്‍
കുതിര്‍ന്നു മാഞ്ഞു ..

അവ ഓരോന്നായി
ഒപ്പിയെടുക്കുമ്പോള്‍
താളുകള്‍ പലതും
കീറിപ്പോയി.

സ്മൃതിഭ്രംശം
സ്മൃതിഭ്രംശം

കണ്ണീരിന്റെ നനവൂറ്റിയ
പുസ്തകത്തിലവശേഷിച്ചത്
ദുഖഭാരം.

ഒടുവിലത്തെ താളില്‍
ആറടിമണ്ണിന്റെയും
ചാരത്തിന്റെയും
കഥയെഴുതി ഞാന്‍
പുസ്തകം മടക്കി..

Friday, April 27, 2012

വേര്‍പാടിന്‍ തിളക്കം ...



നിലാശോഭയിലുദിച്ച
സ്വപ്‌നങ്ങളില്‍
കാത്തിരുന്ന ദിനങ്ങള്‍ക്ക്
നിത്യനിദ്ര .

സ്മൃതിവീഥികളിലെവിടെയോ
നിന്റെ മുഖം
വക്കുടഞ്ഞു കിടക്കുന്നു.

നിശാസ്വപ്നങ്ങള്‍ക്ക് ,
പകല്‍ദൂരങ്ങള്‍ക്ക് ,
കാലഭേദങ്ങള്‍ക്ക് ,
നിരാശയുടെ ഭാരം.

രാക്കിളികള്‍ പറന്നകലുന്നു,
താരകങ്ങള്‍ മേഘകൂട്ടിലൊളിയ്ക്കുന്നു,
നീയോ... പ്രണയാകാശത്തെ
ശാശ്വത ചന്ദ്രബിംബം .

പക്ഷേ..വേര്‍പാടിന്റെ
യാഥാര്‍ത്ഥ്യത്തിനു
സൂര്യതാപത്തെക്കാള്‍ തീക്ഷ്ണത,
മനമുരുകുകയാണ്.

കണ്ണുനീര്‍ത്തുള്ളികള്‍
മംഗളങ്ങളായി നിനക്കര്‍പ്പിയ്ക്കുന്നു,
പുനര്‍ജ്ജനിയുടെ തുടികൊട്ടിനു
കൊതിയ്ക്കുകയാണ് ...

കാലപ്പെരുമഴയെ അതിജീവിച്ച
ഓര്‍മ്മമഴകളില്‍ പ്രണയം
ആദ്യദര്‍ശനത്തിന്റെ
ക്ഷേത്രനടയില്‍ കെട്ടിക്കിടക്കും,
അവിടെ നിന്നൊരു കുളിര്‍ നമ്മിലും...

Monday, March 5, 2012

നീയാണെന്‍ സ്വപ്നം !!

കാതോര്‍ത്തിരുന്നു ഞാന്‍ ,
നിന്‍ സ്വരമെന്‍ കാതോര-
ത്തണയുമെന്നോരോദിനവും..
കനവുകള്‍ പേറുമെന്‍
കണ്ണിമകള്‍ നിനക്കായ്
സഖീ തുറന്നിരുന്നു .

പെയ്യാതെ പോയ
കാര്‍മേഘങ്ങളിന്നു
പെയ്തൊഴിഞ്ഞീടവേ,യെന്‍
കണ്ണുനീര്‍ത്തുള്ളികള്‍
മണ്ണിലൂര്‍ന്നു വറ്റി,
വര്‍ണ്ണങ്ങളിറ്റു സ്വപ്‌നങ്ങളു-
മെങ്ങോ യാത്രയായ് ..

സ്വന്തമായോരോ സ്വപ്നവും
വര്‍ണ്ണങ്ങളെറുമ്പോഴും
സ്വപ്നസ്വന്തങ്ങള്‍ എന്നില്‍
നിന്നകന്നകന്നു പോയി ..

ഒരുനാളനുരാഗത്തിനു മീതെ
കണ്ണീരാലൊരുപിടി മണ്ണ്...

ആ മണ്ണിലലിഞ്ഞെന്റെ
ദേഹിയും കിനാക്കളും
യാത്രചൊല്ലിയകലുമ്പോള്‍
എന്നാത്മാവ് നിന്നോട് മന്ത്രിക്കും,

"നീയാണെന്‍ സ്വപ്നമെന്നും
നീ തന്നെയെന്‍ ജീവനെന്നും "