Monday, June 17, 2013

അന്ന് പെയ്ത മഴയില്‍ !

തോരാതെ പെയ്തൊരു മഴയില്‍
സ്വപനങ്ങള്‍ക്ക് നിറമേകി
കാത്തിരിക്കുമ്പോള്‍
കാര്‍മേഘങ്ങള്‍
പ്രണയാകാശത്തിനു വഴിമാറി !

ജീവിത സ്വപങ്ങള്‍ അന്ധകാര -
ഭൂമിയിൽ കേഴുമ്പോഴും
പ്രതീക്ഷയുടെ മുകുളങ്ങൾ
അവിടെ താരകമായി പൊട്ടിവിരിഞ്ഞു.

പ്രണയവസന്തത്തിന്
മഴയുടെ കുളിരും
മനസുകളുടെ സുഗന്ധവും പകർന്നു
ഒന്നായ നിമിഷങ്ങള്‍ !

ജീവിതവിഥീയില്‍
ഒന്നായി നടന്നകലുമ്പോള്‍.....
ആ നിർവൃതിയിൽ മറന്നുപോയ
ഭൂതവും ഭാവിയും നമ്മളെ
വർത്തമാനത്തിന്റെ കളിത്തോഴരാക്കി ....

നിര്‍ഭാഗ്യമെന്നോ വേര്‍പെടുത്തി,
ഭൂതകാലത്തിന്റെ ഓർമ്മകളിലിപ്പോൾ
വർത്തമാനത്തിന്റെ
വരണ്ട ആകാശത്തു നോക്കിയിരിയ്ക്കുന്ന
വേഴാമ്പലായി എന്നെ പ്രതിഷ്ടിച്ചപ്പോൾ

നിനച്ചിരുന്നില്ല
ഒരു ഭാഗ്യത്തിനിത്ര -
സൌന്ദര്യവും അർത്ഥവും ഏകി
നീ മഴയായ് മാത്രം പെയ്തിറങ്ങുമെന്ന് !


ഒടുവില്‍ നിന്റെ
ഉൾത്തുടികൊട്ട് അമർത്തി
തുള്ളിനൂലുകളുടെ മൂർദ്ധജവും വാരിക്കെട്ടി
യാത്ര ചൊല്ലി പിരിയുമ്പോള്‍
ഈറനാം കണ്ണിമകള്‍
പുതു സ്വപനത്തിന്‍ ചിറകേറി
കാത്തിരിപ്പിന്‍റെ നവാധ്യായം
കുറിച്ചീടുന്നു !

കാത്തിരിപ്പ് ! യാഥാര്‍ത്ഥ്യത്തിന്‍ നാളുകള്‍ തേടി !!!

Saturday, May 25, 2013

മോഹങ്ങള്‍ !

നിലാവിലൊരു സാന്ത്വനമായി
തഴുകിയെത്തുന്ന
ഇളം കാറ്റിനോട് ചൊല്ലാന്‍
പകലിന്‍റെ നോവും
നഷ്ടവും
ക്ഷീണവും ....

ചാഞ്ഞു നിദ്രയിലമരാൻ നേരം
മനസ്സില്‍ , നാളെയുടെ
സ്വപ്‌നങ്ങള്‍ !
പ്രതീക്ഷകള്‍ !

മദ്ധ്യാഹ്നച്ചൂടിൽ
വരണ്ടുണങ്ങിയ
ശരീരം ദാഹം മറന്നു മയങ്ങവേ

മനസ്സിലെ മോഹങ്ങള്‍ ,
ഉറവപൊട്ടിയ ആശ്വാസത്തിന്റെ
അരുവി പോലെ
സ്വപ്നങ്ങളായി വന്നു
ദാഹത്തിലൂടെ ഒഴുകി
വീണ്ടും ഉണര്‍ത്തീടുമ്പോള്‍
സംശയങ്ങള്‍ മാത്രം
ബാക്കിയാകുന്നു !!

സത്യമോ ! മിഥ്യയോ !

ഒടുവില്‍ ,
സംശയങ്ങളോടെ ഉദിയ്ക്കുന്ന ദിനം,
പ്രതീക്ഷകളുടെ
പൂ വിടർന്നു നില്ക്കുന്നു
മനസിന്റെ മുറ്റത്തു.
വൈകിട്ട് കൊഴിയാൻ .

Saturday, April 20, 2013

തിരിച്ചറിവുകള്‍

തുടങ്ങിയകാലം
അതിന്നുകൊണ്ടെത്തിച്ച പ്രായം
ഇടയിലെ ജീവിതം
ഇനി ഹോമിക്കപ്പെടാനോ ?
ആയുസ്സ് തീര്‍ക്കാനോ ?

ബന്ധങ്ങള്‍
ബന്ധനങ്ങളാകുന്നു
അതിനുള്ളിലൊരു ബന്ധത്തിന്റെയും
തണൽപതിയുന്നില്ല .

ശാസിച്ച സൗഹൃദങ്ങളും
നേരിന്റെ പാഠം ചൊല്ലിയ പ്രിയരും...
നടന്നുപോയ വഴിയിൽ
മൌനത്തിന്റെ ആക്രമണം.

ബോധത്തിന്റെ വഴിയിൽ
പൂർണ്ണവിരാമം കൊണ്ട് ജീവിതം
തന്നെ മരണത്തിനു കൊടുക്കാനൊരു ചിന്താപ്രതിസന്ധി.

നന്മയുടെ വീഥിയിലേക്കൊരു യാത്ര !,
പരിഹാസ്യ-
ലോകത്തിനു വിട ചൊല്ലി ,
ലഹരിയുടെ ഉന്മാദത്തിന് ,
തൈരില്‍കൂട്ടിയ നിർവീര്യമറുപടിയും .

നഷ്ട്ടങ്ങളേറുമ്പോള്‍ ,
തിരിച്ചറിവുകള്‍
ബാക്കിയാകുന്നു ,
പാഠം ആകുന്നു..

Wednesday, January 23, 2013

മരണവഴിയിലൂടെ ...

മരണവഴിയിലൂടെ
നടക്കുകയായിരുന്നു,
പ്രതീക്ഷകള്‍ മങ്ങിമായുന്ന
ഇരുട്ടിലേയ്ക്കു പോകുന്ന വഴി,

വഴിയോരത്ത് ഒരുവന്‍
ജീവന് കേഴുന്നു
അവനും അങ്ങോട്ടാണെന്നു
മനസിലായി,

പക്ഷെ അവന്‍ എന്റെ വിപരീതവഴിയിലേയ്ക്കാണ്
വിരല്‍ ചൂണ്ടിയത് .
ഞാന്‍ ആ ദിശയിലേയ്ക്ക് തിരിഞ്ഞുനോക്കി
അവന്റെ പ്രതീക്ഷകളുടെ വസന്തം ഞാനും കണ്ടു.

ഇപ്പോള്‍
ആശുപത്രിയിലവന്‍
ജീവന്മരണപോരാട്ടത്തില്‍ ,
അവന്റെ ബന്ധുക്കളും ഡോക്ടര്‍മാരും
നേഴ്സുമാരും
എന്നെ ജീവന്റെ വില പഠിപ്പിയ്ക്കുന്ന
അധ്യാപകരായി ...!


പുറത്തിറങ്ങിയപ്പോള്‍ ,
രഥമെത്ര ചലിച്ചാലും
യാത്ര നിര്‍ത്തേണ്ടത് സമയമെന്ന് പറഞ്ഞു
എന്റെ പ്രതീക്ഷകള്‍ വസന്തം
ചുരത്തി നില്‍ക്കുന്നു ......