Wednesday, October 26, 2011

നീ കേള്‍ക്ക .... !

എന്മനം ആകാശമായെങ്കി-
ലതിലൊരു താരകമായി
നീയരികിലുണ്ടാകുമെന്നു നിനച്ചു
കരുതിവച്ച നിശകളെയേകാന്‍
ഇനിയെത്ര രാവുകള്‍
കാത്തിരിക്കണം .

പൂവുകള്‍ പുഞ്ചിരിക്കുമ്പോഴും
ഇളംതെന്നല്‍ തഴുകുമ്പോഴും
സ്വപ്‌നങ്ങള്‍ തലോടുമ്പോഴും
ഓര്‍ക്കുക,
നീയാകുന്ന വെള്ളിനക്ഷത്രത്തിനായ്
കത്തുനില്‍ക്കുകയാണ് ഞാന്‍ .

മഴമേഘങ്ങളെന്നില്‍ നിന്നു
നിന്നെയകറ്റുമ്പോള്‍ പെയ്തിറങ്ങുന്ന
കണ്ണുനീര്‍ തുള്ളികള്‍
മണ്ണിന്റെ ഗന്ധമേകി
എന്നില്‍ വന്നണയുന്നു

ഒടുവില്‍ നീ എന്റെ ആകാശത്തില്‍
നിന്നകന്നുപോയ്
മറ്റൊരു താരകമായി
ഇണചേര്‍ന്നു
പുതുതാരകത്തിനു ജന്മമേകി
ശോഭ പരത്തുന്നേരം ...
നിശകള്‍ മറന്നുപോയെന്‍
നയനങ്ങള്‍ക്ക് പകലുകള്‍
മാത്രം കൂട്ടിരുന്നു .

ഒരു നാള്‍ നീ തിരിച്ചറിയുന്ന നിശ,
അന്നെന്‍ നയനങ്ങളിലുദിച്ച്
മനസ്സില്‍ വിടരാനാകില്ല നിനക്ക്,
നിത്യസുഷുപ്തിയുടെ ആഴങ്ങളിലേയ്ക് കണ്ണുകളും
ആഗ്രഹങ്ങളുടെ ചുടലയിലേയ്ക്കു -
എന്റെ ആകാശവും വിരുന്നുപോയിട്ടുണ്ടാകും .

Tuesday, August 16, 2011

ത്രി മൂര്‍ത്തികള്‍ !!

പുലരുവാനേറെയുണ്ടെങ്കിലും
തണുപ്പില്‍ കുളിച്ചു
മന്ത്രോച്ചാരണവുമായ്
മണിമുഴക്കി തിരുനട തുറന്നു
മനുഷ്യര്‍ക്കായി പ്രാര്‍ത്ഥിക്കുന്നവന്‍

കര്‍പ്പൂര ഗന്ധമേറ്റ് ,പാപങ്ങ -
ളകറ്റാന്‍ കണ്ണുകളിലമര്‍ത്തി
തീര്‍ത്ത ജലം തലയിലേന്തി
ചന്ദനം പൂശുന്നോര്‍ക്കായ്...

പട്ടിണിയകറ്റാന്‍ ദക്ഷിണയ്ക്കായ്
ഭിക്ഷാം ദേഹിയാകുന്നവന്റെ
ദുഃഖം കേള്‍ക്കാന്‍
ഈശ്വരന് സമയമില്ലത്രേ

എങ്കിലും
കച്ചവട മന്ത്രങ്ങള്‍
ഉരുവിട്ട്, മുടി കാട്ടി ,
ഭസ്മം കൊണ്ടവന്‍
ധനികനായി !

വിശ്വതിനായി പ്രാര്‍ത്ഥിച്ച്
"അമ്പല" മെന്ന
മൂന്നക്ഷരത്തില്‍ വളരുന്നവന്‍ !

********************
ആറുദിനങ്ങളുടെ പാപമകറ്റാന്‍
ഒരു ദിനം കുംബസാരിക്കുന്ന
നാട്ടു പ്രമാണിമാരുടെ -
വ്യഭിചാരകഥകള്‍കേട്ടു
മനംനൊന്തവന്‍ വികാരി !

കൂട്ട പ്രാര്‍ത്ഥന ചെവി -
കൊള്‍കയില്ല നിന്‍ രക്ഷകനെന്ന -
പുതു നിയമത്തെ വൃഥാ
അവഗണിച്ചു പ്രാര്‍ത്ഥിക്കുന്നോര്‍

പട്ടിണിയകറ്റാന്‍ അവനു വേണ്ട
ഒരു ഭിക്ഷാംദേഹിയുടെ പാന പാത്രം,
വിദ്യാഭ്യാസമെന്ന കച്ചവടമവനെ
ധനികനായ് തീര്‍ത്തിടുന്നു

'ചര്‍ച്ചെ 'ന്ന മൂന്നക്ഷരത്തില്‍
തളിര്‍ത്തു വളരുന്നവന്‍ !!

*********************
നിസ്കാര തഴംബിന്‍ ചൂട് പറ്റി
പാപത്തിന്‍ കറയകറ്റി
ശുദ്ധജലത്തില്‍ വൃത്തിയായ്
നിസ്കരിക്കുന്നോര്‍ !

അതിരാവിലെ വിളിചോതുന്ന
ബാങ്ക് വിളിയുടെ വിശുദ്ധിയില്‍
ദിനം തുടങ്ങുന്നോര്‍ !!!

പട്ടിണിയകറ്റാന്‍ അവനുമുണ്ട്
കച്ചവടത്തിന്റെ പച്ച നേരുകള്‍

"മോസ്ക്" എന്ന മൂന്നക്ഷര
ചന്ദ്രകല ശോഭയില്‍
ദിനം കഴിയുന്നോര്‍ !!!
***************

ഗീതയും ബൈബിളും
ഖുറാനും അരുള്‍ചെയ്ത
സത്യങ്ങളൊന്നെങ്കിലും
മനുഷ്യന്‍ ഗതിമാറി
ചിന്ത മാറി,വിശ്വസമകറ്റി
നാടിന്‍റെ നാരായ വേരുകള്‍
ചിന്നഭിന്നമാക്കി .

മാവേലി നാടുവാണീടാത്ത
ഇക്കാലം
മാനുജരെല്ലാം രണ്ടും മൂന്നുംപോലെ .....

Sunday, August 7, 2011

ചാരുകസേര !!!

തറവാട്ടിലെ കാരണവര്‍
അവനുമേല്‍ ചാരിക്കിടന്നു
കൈകളില്‍ കാലുകള്‍ കയറ്റി
കോളാമ്പി ഏല്‍പ്പിച്ച കാലങ്ങള്‍ ...

ആറടിവസ്ത്രത്തില്‍
കോലുകളുടക്കി
നാല്‍ക്കാലില്‍ നിലയുറപ്പിച്ചു
കാരണവന്‍ ഞാനെന്ന മട്ടില്‍
വരാന്തകളിലവന്‍
ഞെളിഞ്ഞിരിക്കും ....

ആസനസ്ഥനാകുന്നോര്‍
ചാഞ്ഞ വസ്ത്രത്തിന്മേല്‍
വെറ്റിലമുറുക്കി
പഴംപുരാണമഴിച്ചിടും .

ദിനങ്ങള്‍ കഴിയവേ
ശോഷിച്ചശരീരത്തിലെ -
ഭാഗമറ്റു ഉപകാരമില്ലാത്ത
ശരീരത്തെ മച്ചിന്‍ പുറത്തിലേറ്റി
വാതിലടയ്ക്കും .

കാലങ്ങള്‍ മാറി ,

ഭാഗത്തിനായ്
അംഗംക്കുറിക്കുന്ന മക്കളെല്ലാം
ഓരോന്നോരോന്നായ്
കൊണ്ട് പോകവേ
അവനെ മാത്രം ശ്രദ്ധിച്ചില്ല !

ഒടുവില്‍ ,.

കാര്യസ്ഥന്‍
സ്വമേനി ചൂടുപിടിപ്പിക്കാന്‍
വിറകു കഷ്ണങ്ങളാക്കി മാറ്റവേ
കത്തിയമര്‍ന്നു
പുക നിറഭേദങ്ങളോടെ
ആകാശത്തുയര്‍ന്നു പറന്നു ....

സുഖത്തിനായി
ശരീരം നല്കിയൊടുവില്‍
സുഖത്തിനായതു
കത്തിയ്ക്കാനുമേകി ,

നാളെ മനുഷ്യദേഹം
കത്തിയെരിയുന്ന
പുകപടലത്തിന്‍ മീതെ
ചാരുകസേര തെളിയും ,

രണ്ടുകാലുമായി
ജീവനോടെയോ
നാലുകാലുമായി
ജീവനില്ലാഞ്ഞോ
എല്ലാമൊന്നു തന്നെയെന്നു
പതിയെ പറയും .

Wednesday, July 27, 2011

ഇനിയും കൊഴിയാതെ ഒരില

പേറ്റുനോവറിയാതെ പ്രകൃതിയും
ഋതുസോദരന്മാരും
താലോലിച്ച തേന്മാവിന്‍ തൈ .

പൂത്തുകായ്ച്ചു
മേല്ക്കുരമേല്‍ ചാഞ്ഞ്
കുഞ്ഞിക്കിളികള്‍ക്ക് കൂടേകി,
കുട്ടികളെ ഊഞ്ഞാലാട്ടി ,
മാമ്പഴഗന്ധം ചുരത്തി
വളര്‍ന്നു പന്തലിച്ചു

ചാഞ്ഞചില്ലയെ
ഛെദിക്കാനെത്തിയ
വേടനോട് പരിഭവിച്ച് ,
ശിശിരവും ശരത്തും
കൂടെപ്പിറന്ന ഇലകള്‍ കൊണ്ടുപോയിട്ടും
ഒന്നുമാത്രം കൊഴിയാതെ നിന്നു !!

മണ്ണിലലിഞ്ഞ
കൂടെപ്പിറന്നോരുടെ
അരികിലെത്തി
മറ്റൊരു തൈന്മാവിന്‍തൈക്കൊരു
ഗുണമായി മാറുമെന്നു
സ്വാന്തനിക്കെ !!!

ഒരുനാള്‍ ,
ഭ്രാന്തുപിടിച്ചോരു മനുഷ്യന്‍
മാവിന്‍ തടി വെട്ടി
പട്ടുമെത്തവിരിക്കാനായി മുറിച്ചനേരം
ഇനിയും കൊഴിയാത്ത ഇല
മണ്ണില്‍പ്പതിച്ചു .

ഒരുനാള്‍ തണലേകിയ
മാവിന്‍പുറത്തേറി
സുഖനിദ്ര പ്രാപിച്ച മനുജന്‍
മറന്നുപോകിലും !
അവന്റെ ജീവിതചൂടില്‍
ഒറ്റയിലയുടെ തണല്‍പോലും
അന്യമാകുകയാണ് .

Tuesday, May 17, 2011

ഭൂതത്താന്‍ !!

അശാന്തിയുടെ പ്രപഞ്ചത്തിന്‍
മാറ്റൊലികൊണ്ടൊരു പുതു -
മാമ്പഴക്കാലമെത്തിനില്‍ക്കുന്നോ
രെന്‍ നടുമുറ്റത്തോരോ -
യിലകള്‍ കൊഴിയുന്തോറും
അറിയുന്നോരാ നിധി
കാക്കും ഭൂതത്താനെ !!!

തമസ്സിലേക്ക് വഴിതെളിച്ച്
ദീപങ്ങള്‍ കെടുത്തി
രക്തപുഷപ്പങ്ങള്‍ വര്‍ഷിച്ചു
ഭൂതമട്ടഹസിക്കുന്നോരോ നിശയിലും !!

ദൈവമല്ല , മാനുജനല്ല
നാളെയുടെ വിശ്വപ്രഭ
ചൊരിക്കും നിധിയുടെ
വെറും കാവല്‍ക്കാരന്‍ !!

നീരാഞ്ജനം തേടിയലയുന്ന
ഓരോ മൂര്‍ത്തിക്കുമുണ്ട്സ്ഥാനമാ മണ്ണില്‍
സൂര്യതപത്തലെരിയുന്ന
നീരാഞ്ജന മുറ്റത്തു
സന്ധ്യയുടെ മറ നീങ്ങിയകലുംബോള്‍
മണ്ണിന്‍ സുഗന്ധം ക്ഷാരമായി മാറുന്നു !!!

ഒടുവില്‍

ശാന്തിയുടെ പ്രപഞ്ചത്തിലേക്ക്
അലയുന്നോരോ ഭൂതത്താന്മാര്‍
ശാന്തിയുമാശാന്തിയും
ഒത്തുചെരുമീ പ്രപഞ്ചത്തിന്‍
സുഗന്ധമറിയാതെ പോകുന്നു ?!

Tuesday, March 29, 2011

വിടചൊല്ലുന്നു !!

ഏകാന്ത പഥികനായൊരു
എഴയിതാ അജ്ഞാതവാസ -
മുപേക്ഷിച്ചു മറ്റൊരു ദിക്കി-
ലേക്കെന്തിനെന്നറിയാതെ ചേക്കേറുന്നു

ദിനങ്ങള്‍ ബാക്കി നില്‍ക്കെ
വിടചോല്ലിപിരിയാന്‍
വിതുമ്പി നില്‍ക്കുന്ന സ്നേഹ-
മനസ്സുകളുടെ ധ്വനികള്‍

കാലഹരണപ്പെട്ട ചില ഓര്‍മ്മകള്‍
തിരക്കിന്‍ വീഥിയില്‍
വലിച്ചെറിഞ്ഞു പുതുമനസ്സായി ,
പുതു ജീവനായി
ജന്മമണ്ണിന്‍ ഗന്ധമേറാന്‍ യാത്രയാകുന്നു !!

നഷ്ട്ടമായതൊന്നും നഷ്ട്ടമല്ലന്നും
ജീവിതയുയര്‍ച്ചകളുടെ ബാക്കി
പത്രം മുന്നില്‍ നില്‍ക്കവേയിനി
ഒരു തിരിച്ചുവരവിന്റെ
ആവശ്യമില്ലാതിരിയ്ക്കുന്നു !

അനുഭവങ്ങളോരോന്നും
പകര്‍ത്തിയെടുത്തു മനസ്സിന്‍
കോണിലൊരിടത്ത് പ്രതിഷ്ടിച്ചു !

ഇനി,

പോകാനൊരുപാടുണ്ട്
വഴികളുണ്ട് ,
ആ വഴികളിലൊന്നുമേ,
ഓര്‍മ്മകളുടെ നേര്‍ത്ത
വേദന പോലും തിരിച്ചറിയില്ല

വളര്‍ത്തുകയും
തളര്‍ത്തുകയുംചെയ്ത
മഹാനഗരത്തിന്
വിടചൊല്ലുന്നുമെന്നന്നേക്കുമായി !!

നന്ദി !!നന്ദി !!നന്ദി !!


എന്നന്നേക്കുമായി മുംബൈക്ക് വിട !!.... താല്‍ക്കാലികമായി ചിന്തകള്‍ക്കും എഴുത്തിനും വിട .........

Saturday, February 12, 2011

ഇനിയും വിരിയാത്ത പൂമൊട്ട് !!

സൂര്യാതപത്താല്‍ വാടാതെയും
വര്‍ഷശിഷിരങ്ങളേറ്റു
തളരാതെയുമൊരു പൂമൊട്ട്
ഉദ്യാനത്തില്‍
പൊരുതി നിന്നു .!

വിരിയതെയും
സുഗന്ധംചൊരിയാതെയും
പൂമൊട്ടായി മാത്രംനിന്നു

തേന്‍ നുകരാന്‍
വെറിപൂണ്ടവണ്ടുകള്‍
വട്ടമിട്ടു പറന്നു .

വിരിഞ്ഞുവെങ്കിലിറുത്തു
കോര്‍ക്കാനും
ഈശ്വരനര്‍പ്പിക്കാനും
പലരുമാവഴിവന്നു,
എന്നിട്ടുംവിരിഞ്ഞില്ല !!

കാറ്റില്‍ തെന്നിയാടിയും
നിലാവില്‍ തിളങ്ങിയും
സുന്ദരിപ്പൂമൊട്ട്
കണ്‍കളെ ത്രസിപ്പികച്ചു .


ഒടുവില്‍,
പൂവിന്‍ സൌന്ദര്യമറിയാത്ത
സൌരഭ്യമറിയാത്തയൊരുവന്‍
അതിനെയിറുത്തെടുത്തു !!

പൂമ്പൊടികാണാന്‍
ഓരോയിതളുകളായി
പ്രാണന്‍ മുഴുവനൂറ്റിയെടുത്തു
നിഷ്കരുണം വലിച്ചെറിഞ്ഞു !!

മണ്ണിന്‍ പിറന്നു,
മണ്ണിന്റെ സത്യമറിയാതെ
മണ്ണിലമര്‍ന്നു !

ഇനിയുമെത്രയൊ
പൂമൊട്ടുകള്‍ ബാക്കി ,

സംരക്ഷിയ്ക്കപ്പെടുന്നൊരു
കാലം വിരിയാത്തപ്പോള്‍
നിങ്ങളെന്തു പ്രതീക്ഷയില്‍ ....

Sunday, February 6, 2011

വഴിവക്കിലെ ഭിക്ഷക്കാരന്‍ !!

ഭിക്ഷക്കാരന്‍ ,
മതമില്ലാത്തതിനാല്‍
മനുഷ്യനാണ് ,

അതിനാലൊരുനേരത്തെ
അന്നത്തിനായി
കൈനീട്ടുമ്പോളാരും
കാണില്ല ,

അലിവു ന്യൂനം ചെയ്ത
ഭാവങ്ങളില്‍ ജന്മിയാകുന്നു
ചില ഇരുകാലികള്‍ .


ഉണ്ടുനിറഞ്ഞിട്ടും നിറയാതെ
യാചിക്കുന്നവര്‍ക്കു
തെരുവിലിരക്കുന്നവനോടയിത്തം ,

നാളെയെന്നതാരുടെയും
കുത്തകയല്ലെന്നിരിയ്ക്കെ
നിന്‍ഗതി വിഭിന്നമല്ലെന്ന
ചിന്തകളോതുന്നു ,
'തെരുവോരത്തു സന്ധിയ്ക്കാം' .


കാലങ്ങള്‍ മാറ്റാത്ത
കോലങ്ങളെ കാലകെടുതി
വീഴ്ത്തുമൊരു നാള്‍ .


മാഞ്ഞാലും മറഞ്ഞാലും
മന്നവാ ,മാനവാ
നാളെ വിധി തേടിയെത്തും ,
പരോളില്ലാത്ത കാരഗൃഹങ്ങളില്‍
അന്ധകാരത്തോടിരക്കാന്‍ ....

Thursday, January 20, 2011

പ്രണയ മൊഴി (ഒരു മരണമൊഴി )

ഇന്നലെകളുടെ ശീതത്തിലും
മരവിയ്ക്കാതെ കാതോര്‍ത്തത്‌
നിന്‍ സ്വനത്തിനായിരുന്നു ...


അസ്ഥികള്‍ പൊടിയുമ്പോഴും
ഞാനറിഞ്ഞിരുന്നീല്ല ,
എന്നെ പുനര്‍ജനിപ്പിയ്ക്കാനും
പുതു ജീവന്‍ പകരാനും
നീ തിരികെയെതുമേന്ന
പ്രതീക്ഷയുടെ ജീവശ്വാസം ,


കാലങ്ങള്‍ താലത്തിലേന്തി
യാത്രയാകുമ്പോഴും ഭയപ്പെട്ടില്ല ,

യവ്വ്വനം പളുങ്ക്പാത്രം പോല്‍-
വീണുടഞ്ഞപ്പോഴുമത് ശ്രവിച്ചില്ല ,

ഒടുവില്‍ സിരകളെ പ്രണയം
കാര്‍ന്നെടുക്കുമ്പോള്‍
ഞാനല്ലാതായി മാറുകയായിരുന്നു ,

ഒരിറ്റുസിന്ദൂരം
നെറുകയിലണിയാനാശിച്ച-
കൈകളില്‍ വന്നണഞ്ഞത്
മരണത്തിന്‍ ഗന്ധംപേറുന്ന
രക്തപുഷ്പങ്ങള്‍ ,

ഒരുതരി പൊന്നിന്‍ ശോഭയില്‍
പട്ടിന്‍ മിനുസതയില്‍
നിന്നെ കാണാന്‍ മോഹിച്ച
കണ്ണുകളില്‍ നിശയുടെ
നിഴല്‍ മാത്രം !!

അഗ്നിയാളുന്നെരം
ഒരു കുടം ജലവുമേന്തി
എന്‍ ചിതക്ക്‌ മേല്‍ നീ
വര്‍ഷമായി പെയ്തോഴിയുമോ ?

അതോ ,
കാറ്റായ് , പേമാരിയായി
ചിതയെ കുറ്റിക്കാട്ടില്‍
വലിച്ചിടുമോ ?

അറിയില്ലമോന്നുമേ !!

നിന്‍ ചിരികള്‍ മാഞ്ഞു
കാര്‍മേഘദിനരാത്രങ്ങളില്‍
മയങ്ങി തീരാന്‍ .......

ചുടല പറമ്പിലെ
മണ്ണിലംശമാകാന്‍ ,
ആയുസ്സിന്‍ നാളുകള്‍
വെട്ടിക്കുറച്ചോരെന്‍
പ്രണയമേ ........
നിന്നെ മൊഴി ചൊല്ലി
ഞാന്‍ യാത്രയാകുന്നു ....!

യാത്രചൊല്ലുന്നെങ്കിലും
എന്നത്മാവ് ,
നിന്‍ നിദ്രയിലെപ്പോഴും
ശയിക്കുന്നുണ്ടായിരിക്കും!!!