Thursday, June 28, 2012

.............

മഴയായെന്റെ ഹൃദയതാപമകറ്റി
പുതുമണ്ണിന്‍ ഗന്ധമേകി
നീ അണയുമെന്ന്
ഞാന്‍ നിനച്ചിരുന്നില്ല.

നീലാകാശത്ത്‌
കാര്‍മേഘച്ചുരുള്‍ പിണഞ്ഞു
മഴയായ് നീ പെയ്തിറങ്ങുമെന്ന്...

ചാറ്റല്‍മഴത്തുള്ളികളാല്‍ നിന്മുഖം
രത്നമണികളണിയുമ്പോള്‍
അതിനെയെന്റെ
സ്നേഹചുംബനം കവരുമെന്ന്....

ഓരോ രത്നകണത്തിലും
എന്റെ രൂപം തെളിയുമ്പോള്‍
സ്വപ്നങ്ങളൊക്കെയും
സഫലമാകുമെന്ന് .....

ഒടുവില്‍ മണ്ണിലേക്ക്
പെയ്തു തീര്‍ന്നൊരു മഴപോലെ
സ്വപ്നങ്ങളും അഭിലാഷങ്ങളും
പൂര്‍ത്തിയാക്കി മടങ്ങുമെന്ന്....

ഞാന്‍ നിനച്ചിരുന്നില്ല.

Saturday, June 9, 2012

ഇതുമൊരു വാര്‍ധക്യം ..


പ്രായമേറുമ്പോള്‍ ചിലര്‍
പാരിനു വേണ്ടി
പ്രാര്‍ഥിച്ചിരിയ്ക്കാതെ
വിഷയസുഖത്തിനായി
അലയുന്നു.

വാര്‍ദ്ധക്യം ജരാനരയേകിയിട്ടും
കരിതേച്ചു മിനുക്കി
കാമകേളിക്കായി
യൌവ്വനംതേടും വൃദ്ധകള്‍ .

നാടിനു വിപത്തെന്നു
അറിഞ്ഞീടാതെ ചിലര്‍
ബ്യൂട്ടീ പാര്‍ലറുകളില്‍
കൊഴുപ്പിച്ച ചര്‍മ്മവുമായി
കോമാളി വേഷം കെട്ടിയാടുന്നു .

പ്രായത്തെ തോല്പ്പിയ്ക്കും
മാനസങ്ങളില്‍
കാമം ഫണംവിടര്‍ത്തുമ്പോള്‍
ജരാനരകള്‍ വകവയ്ക്കാതെ
മാംസംതേടി ചില
മാളങ്ങളിലേയ്ക്കിഴയുന്നു .

അക്ഷരങ്ങളെ
വ്യഭിചരിച്ചു നിന്ദിക്കുന്നവര്‍ ,
തന്റെ ചെറുമക്കളെ
ഹരിശ്രീ കുറിപ്പിക്കുമ്പോള്‍
ഭാവിയില്‍ അവര്‍ക്കത്‌
പിഴച്ചേയ്ക്കാം ...!!