Tuesday, August 16, 2011

ത്രി മൂര്‍ത്തികള്‍ !!

പുലരുവാനേറെയുണ്ടെങ്കിലും
തണുപ്പില്‍ കുളിച്ചു
മന്ത്രോച്ചാരണവുമായ്
മണിമുഴക്കി തിരുനട തുറന്നു
മനുഷ്യര്‍ക്കായി പ്രാര്‍ത്ഥിക്കുന്നവന്‍

കര്‍പ്പൂര ഗന്ധമേറ്റ് ,പാപങ്ങ -
ളകറ്റാന്‍ കണ്ണുകളിലമര്‍ത്തി
തീര്‍ത്ത ജലം തലയിലേന്തി
ചന്ദനം പൂശുന്നോര്‍ക്കായ്...

പട്ടിണിയകറ്റാന്‍ ദക്ഷിണയ്ക്കായ്
ഭിക്ഷാം ദേഹിയാകുന്നവന്റെ
ദുഃഖം കേള്‍ക്കാന്‍
ഈശ്വരന് സമയമില്ലത്രേ

എങ്കിലും
കച്ചവട മന്ത്രങ്ങള്‍
ഉരുവിട്ട്, മുടി കാട്ടി ,
ഭസ്മം കൊണ്ടവന്‍
ധനികനായി !

വിശ്വതിനായി പ്രാര്‍ത്ഥിച്ച്
"അമ്പല" മെന്ന
മൂന്നക്ഷരത്തില്‍ വളരുന്നവന്‍ !

********************
ആറുദിനങ്ങളുടെ പാപമകറ്റാന്‍
ഒരു ദിനം കുംബസാരിക്കുന്ന
നാട്ടു പ്രമാണിമാരുടെ -
വ്യഭിചാരകഥകള്‍കേട്ടു
മനംനൊന്തവന്‍ വികാരി !

കൂട്ട പ്രാര്‍ത്ഥന ചെവി -
കൊള്‍കയില്ല നിന്‍ രക്ഷകനെന്ന -
പുതു നിയമത്തെ വൃഥാ
അവഗണിച്ചു പ്രാര്‍ത്ഥിക്കുന്നോര്‍

പട്ടിണിയകറ്റാന്‍ അവനു വേണ്ട
ഒരു ഭിക്ഷാംദേഹിയുടെ പാന പാത്രം,
വിദ്യാഭ്യാസമെന്ന കച്ചവടമവനെ
ധനികനായ് തീര്‍ത്തിടുന്നു

'ചര്‍ച്ചെ 'ന്ന മൂന്നക്ഷരത്തില്‍
തളിര്‍ത്തു വളരുന്നവന്‍ !!

*********************
നിസ്കാര തഴംബിന്‍ ചൂട് പറ്റി
പാപത്തിന്‍ കറയകറ്റി
ശുദ്ധജലത്തില്‍ വൃത്തിയായ്
നിസ്കരിക്കുന്നോര്‍ !

അതിരാവിലെ വിളിചോതുന്ന
ബാങ്ക് വിളിയുടെ വിശുദ്ധിയില്‍
ദിനം തുടങ്ങുന്നോര്‍ !!!

പട്ടിണിയകറ്റാന്‍ അവനുമുണ്ട്
കച്ചവടത്തിന്റെ പച്ച നേരുകള്‍

"മോസ്ക്" എന്ന മൂന്നക്ഷര
ചന്ദ്രകല ശോഭയില്‍
ദിനം കഴിയുന്നോര്‍ !!!
***************

ഗീതയും ബൈബിളും
ഖുറാനും അരുള്‍ചെയ്ത
സത്യങ്ങളൊന്നെങ്കിലും
മനുഷ്യന്‍ ഗതിമാറി
ചിന്ത മാറി,വിശ്വസമകറ്റി
നാടിന്‍റെ നാരായ വേരുകള്‍
ചിന്നഭിന്നമാക്കി .

മാവേലി നാടുവാണീടാത്ത
ഇക്കാലം
മാനുജരെല്ലാം രണ്ടും മൂന്നുംപോലെ .....

Sunday, August 7, 2011

ചാരുകസേര !!!

തറവാട്ടിലെ കാരണവര്‍
അവനുമേല്‍ ചാരിക്കിടന്നു
കൈകളില്‍ കാലുകള്‍ കയറ്റി
കോളാമ്പി ഏല്‍പ്പിച്ച കാലങ്ങള്‍ ...

ആറടിവസ്ത്രത്തില്‍
കോലുകളുടക്കി
നാല്‍ക്കാലില്‍ നിലയുറപ്പിച്ചു
കാരണവന്‍ ഞാനെന്ന മട്ടില്‍
വരാന്തകളിലവന്‍
ഞെളിഞ്ഞിരിക്കും ....

ആസനസ്ഥനാകുന്നോര്‍
ചാഞ്ഞ വസ്ത്രത്തിന്മേല്‍
വെറ്റിലമുറുക്കി
പഴംപുരാണമഴിച്ചിടും .

ദിനങ്ങള്‍ കഴിയവേ
ശോഷിച്ചശരീരത്തിലെ -
ഭാഗമറ്റു ഉപകാരമില്ലാത്ത
ശരീരത്തെ മച്ചിന്‍ പുറത്തിലേറ്റി
വാതിലടയ്ക്കും .

കാലങ്ങള്‍ മാറി ,

ഭാഗത്തിനായ്
അംഗംക്കുറിക്കുന്ന മക്കളെല്ലാം
ഓരോന്നോരോന്നായ്
കൊണ്ട് പോകവേ
അവനെ മാത്രം ശ്രദ്ധിച്ചില്ല !

ഒടുവില്‍ ,.

കാര്യസ്ഥന്‍
സ്വമേനി ചൂടുപിടിപ്പിക്കാന്‍
വിറകു കഷ്ണങ്ങളാക്കി മാറ്റവേ
കത്തിയമര്‍ന്നു
പുക നിറഭേദങ്ങളോടെ
ആകാശത്തുയര്‍ന്നു പറന്നു ....

സുഖത്തിനായി
ശരീരം നല്കിയൊടുവില്‍
സുഖത്തിനായതു
കത്തിയ്ക്കാനുമേകി ,

നാളെ മനുഷ്യദേഹം
കത്തിയെരിയുന്ന
പുകപടലത്തിന്‍ മീതെ
ചാരുകസേര തെളിയും ,

രണ്ടുകാലുമായി
ജീവനോടെയോ
നാലുകാലുമായി
ജീവനില്ലാഞ്ഞോ
എല്ലാമൊന്നു തന്നെയെന്നു
പതിയെ പറയും .